06:52pm 29 September 2026
NEWS
ലഹരിക്ക് അടിമയായ മകനെ പേടിച്ച് രാത്രി ഉറങ്ങാൻ പോലും കഴിയാത്ത മാതാപിതാക്കളുടെ കേരളം
22/03/2025  11:27 AM IST
nila
ലഹരിക്ക് അടിമയായ മകനെ പേടിച്ച് രാത്രി ഉറങ്ങാൻ പോലും കഴിയാത്ത മാതാപിതാക്കളുടെ കേരളം

ലഹരിക്ക് അ‌ടിമയായ മകനെ പൊലീസിന് പിടിച്ചുകൊടുത്ത അമ്മയുടെ വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. എലത്തൂര്‍ എസ്.കെ. ബസാറിലെ രാഹുലിനെയാണ് സ്വന്തം അമ്മ മിനി പൊലീസിനെ വിളിച്ചുവരുത്തി കൈമാറിയത്. മകന്റെ അക്രമത്തിൽ സ​ഹികെട്ടാണ് ആ അമ്മ സ്വന്തം മകനെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മകൻ ഉറങ്ങിക്കിടക്കവെ മിനി പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചത്‌. അതിന് പിന്നാലെ ആ മാതാപിതാക്കൾ പറഞ്ഞത് ലഹരിയുടെ ഏറ്റവും ക്രൂരമായ മുഖത്തെ കുറിച്ചായിരുന്നു. തങ്ങൾ ലാളിച്ചു വളർത്തിയ മകൻ ലഹരിക്ക് അടിമയായതും പിന്നീട് ആ മകനെ ഭയന്ന് സ്വന്തം വീടിനുള്ളിൽ കഴിയേണ്ടി വരുന്നതുമായ ദാരുണമായ അവസ്ഥയാണ് രാഹുലിന്റെ പിതാവ് രാധാകൃഷ്ണനും മാതാവ് മിനിയും വെളിപ്പെടുത്തിയത്.

ഒട്ടേറെ കേസുകളിൽ പിടികിട്ടാപ്പുള്ളികൂടിയായണ് അറസ്റ്റിലായ രാഹുൽ (26). മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണെന്ന് ഇയാളുടെ പിതാവ് രാധാകൃഷ്ണൻ പറയുന്നു. ശരിക്ക് ഉറങ്ങിയിട്ട് നാളുകളായെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ ചെറുപ്പത്തിൽ തന്നെ മകൻ ലഹരിക്ക് അടിമയാണെന്നും എല്ലാം ശരിയാകും എന്ന് കരുതിയാണ് ഇതുവരെ എല്ലാം സഹിച്ചതെന്നുമാണ് ഈ മാതാപിതാക്കൾ പറയുന്നത്. 

ചികിത്സ നല്‍കി രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. പല കോഴ്‌സുകള്‍ക്കും വിട്ടു. ഗള്‍ഫില്‍ ജോലിക്ക് പറഞ്ഞയച്ചു. വീണ്ടും അവന്‍ ലഹരിയുടെ ലോകത്തേക്കുതന്നെയാണ് വന്നത്. വിവാഹം കഴിച്ചശേഷം ഭാര്യയെ മര്‍ദിക്കാന്‍ തുടങ്ങി. പലതരത്തിലുള്ള അക്രമങ്ങള്‍ വീട്ടില്‍ കാണിച്ചുവെച്ചു. ഒരുദിവസം എംഡിഎംഎ ഉപയോഗിച്ച് ഉന്മാദാവസ്ഥയില്‍ സ്വന്തം കൈ മുറിച്ചശേഷം ബന്ധുവായ കൊച്ചുകുട്ടിയെ ആക്രമിച്ചു. അത് പോക്‌സോ കേസായി മാറുകയും രാഹുല്‍ ജയിലിലാവുകയും ചെയ്തു. ഒന്‍പതുമാസത്തോളം ജയിലില്‍ കിടന്നശേഷം കരഞ്ഞ് കാലുപിടിച്ച് പറഞ്ഞിട്ടാണ് സ്വന്തം മകനല്ലേ മാനസാന്തരം വന്നെന്നുകരുതി കഴിഞ്ഞ ഏപ്രിലില്‍ തങ്ങള്‍ അവനെ ജാമ്യത്തില്‍ ഇറക്കിക്കൊണ്ടുവന്നതെന്ന് അമ്മ മിനി പറയുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം രാഹുല്‍ എറണാകുളത്തേക്കെന്നു പറഞ്ഞാണ് പോയത്. കുറെക്കാലം ഒരു ബന്ധവുമില്ലായിരുന്നു. പിന്നീടാണ് അറിയുന്നത് ലഹരിയുപയോഗിക്കാന്‍ വാഹനം മോഷ്ടിച്ചതിന് മൂന്നുമാസം ജയിലിലായിരുന്നെന്ന്. ഡിസംബര്‍ ആറിനാണ് തിരിച്ചുവന്നത്. തന്റെ പേരില്‍ ആറു കേസുകളുണ്ടെന്നും അതെല്ലാം വാറന്റായി കിടക്കുകയാണെന്നും പൊലീസിനോട് പറയരുതെന്നും പറഞ്ഞു. മകന്‍ നന്നായെന്നു കരുതി പൊലീസിനെ വിവരം അറിയിച്ചില്ല.

കുറച്ചുകാലം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ഇടയ്ക്ക് പണം ചോദിക്കും. കൊടുത്തില്ലെങ്കില്‍ ബഹളമുണ്ടാക്കും. അങ്ങനെ പതിയെപ്പതിയെ പഴയ അക്രമസ്വഭാവത്തിലേക്കു വന്നുതുടങ്ങി. പുറത്തുപോയിവരുമ്പോള്‍ വല്ലാത്ത അവസ്ഥയിലായിരിക്കും. അതിന്റെ ലഹരിയില്‍ അക്രമം കാണിക്കും. എല്ലാം കണ്ടും കേട്ടും സഹിച്ചുനിന്നു. രണ്ടാഴ്ചമുന്‍പാണ് കൂടുതല്‍ പ്രശ്‌നമായിത്തുടങ്ങിയത്. പൊലീസിനെ വിളിക്കുമെന്നു പറഞ്ഞപ്പോള്‍ കഴുത്തില്‍ ബ്ലേഡ് വെച്ച് അവന്‍ മരിക്കുമെന്നു പറഞ്ഞു. അതോടെ താന്‍ പിന്‍വാങ്ങി -മിനി പറഞ്ഞു.

വീട്ടിലുള്ള എല്ലാവരെയും കൊല്ലുമെന്നാണ് രാ​​ഹുലിന്റെ ഭീഷണി. രാഹുലിനെക്കാൾ മുതിർന്നവരുമായാണ് കൂട്ടുകെട്ട്. ഇതുവരെ എല്ലാം സഹിച്ചെന്നും എന്നാൽ, ഇനിയും അതിനാകില്ല എന്നുമാണ് ഈ മാതാപിതാക്കൾ പറയുന്നത്. കേരളത്തിലെ പല വീടുകളിലും ഇപ്പോൾ ഇതാണ് അവസ്ഥയെന്നാണ് ലഹരിവിരുദ്ധ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img